കോതമംഗലം: ഭവനരഹിതരായ കുടുംബത്തിന് ക്രിസ്മസ് സമ്മാനമായി സ്നേഹഭവനം നിർമിച്ചു നൽകി കീരംപാറ ഇടവക. സ്നേഹഭവനത്തിന്റെ താക്കോൽദാനം ക്രിസ്മസ് രാവിൽ കോതമംഗലം രൂപത ചാൻസിലർ റവ. ഡോ. ജോസ് കുളത്തൂർ നിർവഹിക്കും. ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കലിന്റെ നേതൃത്വത്തിൽ മാതൃവേദിയൂണിറ്റിന്റെയും ഇടവകാംഗങ്ങളുടെയും സഹകരണത്തോടെയാണ് വീടിന്റെ നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്.
ഇടവകയിൽ ഈവർഷം പൂർത്തിയാക്കുന്ന നാലാമത്തെ സ്നേഹഭവനമാണിത്. ഇപ്പോൾ നിർമാണം നടന്നുകൊണ്ടിരിക്കുന്ന മൂന്ന് വീടുകളുടെ താക്കോൽദാനം ജനുവരി 23ന് നടക്കും. ഓരോ വീടിന്റെയും നിർമാണം പൂർത്തിയാക്കി താക്കോൽദാനം നടത്തുന്ന ദിവസം പുതിയൊരു വീടിന്റെ തറക്കല്ലിടീൽ ചടങ്ങും നടത്തും എന്നത് ഇവകയുടെ ഒരു പ്രത്യേകതയാണ്.
2026-ൽ ഇടവകയിലെ ഭവനരഹിതരായ മുഴുവൻ കുടുംബങ്ങൾക്കും സ്നേഹഭവനങ്ങൾ പണിതു നൽകി കീരംപാറ ഇടവകയെ സമ്പൂർണ ഭവന ഇടവകയായി പ്രഖ്യാപിക്കുമെന്ന് ഇടവക വികാരി പറഞ്ഞു.